'കടുത്ത കാപട്യം, ത്രിഭാഷാ ഫോർമുല ഒളിച്ചുകടത്തുന്നു'; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ എം.കെ. സ്റ്റാലിൻ
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നിഗൂഢ ശ്രമമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. പുതിയ പരിഷ്‌കാരം കേവലം അക്കാദമിക് മാറ്റമല്ലെന്നും മറിച്ച് ത്രിഭാഷാ ഫോർമുല ഒളിച്ചുകടത്താനുള്ള നീക്കമാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) മറവിൽ ബിജെപി സർക്കാർ കേന്ദ്രീകൃത അജണ്ട നടപ്പിലാക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി പഠനം നിർബന്ധമാക്കുന്ന രീതിയിലാണ് പുതിയ ചട്ടക്കൂട്. എന്നാൽ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകൾ പഠിക്കാൻ നിർബന്ധിതരാകുമോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളിൽ തമിഴ് നിർബന്ധിത ഭാഷയാക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രം ഇപ്പോൾ ഭാഷാപ്രേമം നടിക്കുന്നത് കടുത്ത കാപട്യമാണെന്നും അദ്ദേഹം പരിഹസിച്ചു. ഇത് നീതിയുടെയും ഫെഡറലിസത്തിന്റെയും പ്രശ്നമാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ പ്രകാരം ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷാ പഠനം നിർബന്ധമാക്കിയിട്ടുണ്ട്. പത്താം ക്ലാസ് ബോർഡ് പരീക്ഷയിലും ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും. ഒൻപത്, പത്ത് ക്ലാസുകളിൽ ഫിസിക്കൽ എജ്യുക്കേഷൻ, ആർട്ട്, വൊക്കേഷണൽ വിദ്യാഭ്യാസം എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വഴക്കവും സമഗ്രമായ സമീപനവും കൊണ്ടുവരാനാണ് പരിഷ്‌കാരമെന്ന് സിബിഎസ്ഇ അവകാശപ്പെടുമ്പോഴാണ് ഇതിനെതിരെ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നത്.