വോട്ടെടുപ്പിൽ കൃത്രിമം കാണിക്കാൻ വ്യാജ വിരലുകൾ; ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കണമെന്ന മുന്നറിയിപ്പോടെ വിഡിയോ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ കൃത്രിമം കാണിക്കാൻ വ്യാജ വിരലുകൾ ഉപയോഗിക്കുന്നുവെന്നത് വ്യാപകമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്. വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാരുടെ വിരലുകൾ പോളിങ് ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കണമെന്ന മുന്നറിയിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്.
തുടർന്ന് വിവിധ വസ്തുതാന്വേഷണ സൈറ്റുകൾ നടത്തിയ പരിശോധനയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്തതാണ് പ്രചരിക്കുന്ന ചിത്രങ്ങളെന്ന് കണ്ടെത്തി. ചിത്രങ്ങളെല്ലാം 2013ൽ എടുത്തതാണ്. ജപ്പാനിൽ അംഗവൈകല്യം സംഭവിച്ചവർക്കായി നിർമ്മിച്ചതാണ് കൃത്രിമ വിരലുകളെന്ന് കണ്ടെത്തി. വിരലുകൾ നിർമിക്കുന്ന ചിത്രങ്ങളാണ് വോട്ടെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിക്കുന്നുവെന്ന തരത്തിൽ വ്യാപകമായി പ്രചരിച്ചത്.
‘വ്യാജ വിരലുകൾ തെരഞ്ഞെടുപ്പിന് തയ്യാറാണ്. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് പോളിംഗ് ഓഫീസർമാർ വിരലുകൾ വലിച്ച് പരിശോധിക്കണമെന്ന് എനിക്ക് തോന്നുന്നു’ എന്നായിരുന്നു എക്‌സിലെ ഒരു പോസ്റ്റിൽ പ്രചരിച്ചത്. ‘വ്യാജ വോട്ടർമാർക്കായി വ്യാജ വിരലുകൾ തയ്യാറെടുക്കുന്നു’ എന്നാണ് തെലുങ്കിൽ പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്.
2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും കൃത്രിമ വിരലുകളെ പറ്റിയുള്ള വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. വൈറലായ ഫോട്ടോകൾ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ 2018-ൽ ചൈനയിലെ തെരഞ്ഞെടുപ്പുകളിൽ വ്യാജ വിരലുകൾ ഉപയോഗിക്കുന്നുവെന്ന വ്യാജ വാർത്ത പ്രചരിക്കുന്നതിനെ കുറിച്ചുള്ള വാർത്ത കണ്ടെത്താൻ കഴിഞ്ഞുവെന്നും വസ്തുതാന്വേഷണ സംഘം കണ്ടെത്തി.