'എനിക്കെതിരെ എടുത്തത് വ്യാജകേസ്': ജാമ്യപേക്ഷ നല്‍കി സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി

 

 

ബാന്ദ്രയിലെ വീട്ടിൽ വെച്ച് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ 30 കാരനായ  മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദ് ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരെ എടുത്തിരിക്കുന്നത് വ്യാജ കേസാണ് എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.


വെള്ളിയാഴ്ച സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ,  ഷെഹ്‌സാദ്, "കേസിലെ എഫ്ഐആര്‍ തികച്ചും തെറ്റാണെന്നും തനിക്കെതിരെ വ്യാജ കേസാണ് എടുത്തിരിക്കുന്നത്" എന്നും അവകാശപ്പെട്ടു. ജനുവരി 16 ന് ബാന്ദ്രയിലെ 12-ാം നിലയിലുള്ള അപ്പാർട്ടുമെന്‍റില്‍ വെച്ചാണ് സെയ്ഫ് അലി കാനെ (54) ഫ്ലാറ്റില്‍ നുഴഞ്ഞുകയറിയ ഇയാള്‍ കത്തികൊണ്ട് പലതവണ കുത്തിയത് എന്നാണ് പൊലീസ് എഫ്ഐആര്‍. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ അറസ്റ്റിലായത്. 

സെയ്ഫ് അലി ഖാന്‍ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്)യിലെ സെക്ഷൻ 47 പ്രകാരം അന്വേഷണ ഏജൻസി തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ് എന്നാണ്  അറസ്റ്റ് നിയമവിരുദ്ധമാണെന്ന്  ഷെഹ്‌സാദ്  ജാമ്യാപേക്ഷയില്‍ വാദിക്കുന്നത്. 

സാക്ഷികളുടെ മൊഴികൾ ശരിയല്ലെന്നും പ്രതി ജാമ്യപേക്ഷയില്‍ വാദിക്കുന്നുണ്ട്. അജയ് ഗവാലി മുഖേന സമർപ്പിച്ച ഹർജിയിൽ ഇനി കുറ്റപത്രം മാത്രമാണ് സമര്‍പ്പിക്കാനുള്ളതെന്നും അതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നും പ്രതി പറയുന്നുണ്ട്. ഏപ്രില്‍ 1ന് കോടതി കേസ് പരിഗണിക്കും. 

അതേ സമയം  ഡൽഹി ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, സെയ്ഫ് കുത്തേറ്റ സംഭവത്തിന്‍റെ വിശാദംശങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും അതിനുള്ള മറുപടിയും എല്ലാം വ്യക്തമാക്കിയിരുന്നു.

തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും എങ്ങനെ നിർണായക പങ്ക് വഹിച്ചുവെന്നും നടന്‍ വെളിപ്പെടുത്തി. ജനുവരി 16ന് രാത്രിയാണ് സെയ്ഫിന്‍റെ വീട്ടിൽ കടന്ന മോഷ്ടാവ് സെയ്ഫിനെ കുത്തിപ്പരിക്കേൽപ്പിച്ചത്.താന്‍ ഗുരുതരമായ പരിക്കുകളോടെ ഒരു ഓട്ടോയില്‍ ലീലാവതി ആശുപത്രിയിൽ എത്തിച്ചത് മകന്‍ തൈമൂറിനൊപ്പമാണെന്ന് സെയ്ഫ് വ്യക്തമാക്കി.