അജിത് പവാറിന് വിട; വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി പൊട്ടിത്തെറിക്കുകയായിരുന്നു; അജിത് പവാറടക്കം ആറുപേർ മരണപ്പെട്ടു
മഹാരാഷ്ട്രയിലെ ബാരാമതിയിൽ എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ച സ്വകാര്യ ജെറ്റ് ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടു.അപകടത്തിന് പിന്നാലെ വിമാനം രണ്ടായി പിളർന്നു.ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്. കർഷകരുടെ റാലിയിൽ പങ്കെടുക്കാൻ പോകവെയാണ് ദുരന്തമുണ്ടായത്.
ലിയർജെറ്റ് 45വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി പൊട്ടിത്തെറിക്കുകയായിരുന്നു. 27 ാം നമ്പർ റൺവേയിലാണ് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
വിമാനാപകടത്തിൽ അജിത് പവാറടക്കം ആറുപേർ മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. അജിത് പവാറിന് പുറമെ രണ്ട് പൈലറ്റുമാരും അംഗരക്ഷകരുമുൾപ്പടെ ആറുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത് . സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഫൈസ് അഹമ്മദ് കിദ്വായ് പറഞ്ഞു.