മഹാരാഷ്ട്രയിൽ ആശുപത്രിയിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

 

മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ വനിതാ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. മൂന്നാം നിലയിലുള്ള സ്‌പെഷ്യൽ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ (SNCU) പുലർച്ചെ 3.15-ഓടെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

സംഭവസമയത്ത് യൂണിറ്റിൽ ചികിത്സയിലുണ്ടായിരുന്ന 39 നവജാത ശിശുക്കളിൽ മൂന്ന് പേർ ഗുരുതരമായി പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മരിച്ചത്. പുക ശ്വസിച്ച് വശളായ ആറ് കുട്ടികളെ അടുത്തുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ബാക്കി കുട്ടികളെ ജീവനക്കാർ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവുങ്കുലെ അറിയിച്ചു.