ലക്‌നൗവിൽ കോച്ചിംഗ് സെന്ററിൽ ഉണ്ടായ തീപിടുത്തം; നാല് പേർ അറസ്റ്റിൽ
ലക്‌നൗവിൽ കോച്ചിംഗ് സെന്ററിൽ തിങ്കളാഴ്ച ഉണ്ടായ തീപിടുത്തത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു . കേസുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾ അടക്കം 6 പേർക്ക് എതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കൃത്യ നിർവഹണത്തിലെ വീഴ്ചയിൽ നാല് ഉദ്യോഗസ്ഥർക്കെതിരെയും യൂപി സർക്കാർ നടപടി സ്വീകരിച്ചു. ഇവരെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
ലക്‌നോവിൽ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 15 പേർക്കാണ് ജീവൻ നഷ്ട്ടമായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ പിന്നാലെയാണ് തീപിടുത്തത്തിൽ പൊലീസ് നടപടികൾ ശക്തമാക്കിയത്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ പൊലീസ് രൂപീകരിച്ചു.
അനധികൃത നിർമ്മാണത്തിന്റെ പേരിൽ കെട്ടിടത്തിന് 2016ൽ പൊളിക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രണ്ട് മാസത്തിന് ശേഷം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിലെ എസി ഡക്റ്റിൽ നിന്ന് തീ പടർന്നുവെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ കൃത്യമായ എക്‌സിറ്റ് റൂട്ടുകൾ ഇല്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ കോച്ചിംഗ് സെന്ററുകളിൽ സർക്കാർ പരിശോധന ശക്തമാക്കി.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് കാൺപൂരിൽ 22 കോച്ചിംഗ് സെന്ററുകൾ പൂട്ടിച്ചു.