യാത്രക്കിടെ തീ മുന്നറിയിപ്പ്; സിങ്കപ്പൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം ദില്ലിയിൽ തിരിച്ചിറക്കി
Jan 15, 2026, 17:22 IST
190 യാത്രക്കാരുമായി സിങ്കപ്പൂരിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം യാത്രക്കിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഡൽഹിയിൽ സുരക്ഷിതമായി തിരിച്ചിറക്കി. ഓക്സിലറി പവർ യൂണിറ്റിൽ (APU) അഗ്‌നിബാധയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മുൻകരുതൽ നടപടിയായി വിമാനം തിരിച്ചിറക്കിയതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ സിങ്കപ്പൂരിലേക്ക് കൊണ്ടുപോയി.ഡൽഹിയിൽ നിന്ന് സിങ്കപ്പൂരിലേക്കുള്ള എഐ 2380 വിമാനമാണ് തിരിച്ചറിക്കിയത്. ഡൽഹിയിൽ നിന്ന് പറന്നുയർന്ന ഈ വിമാനം ആകാശത്ത് ഒരു മണിക്കൂറോളം ചിലവഴിച്ചുവെന്നാണ് ഫ്‌ലൈറ്റ്‌റഡാർ24 എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.