ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഏഴ് മരണം, 14 പേർക്ക് പരിക്ക്

 

ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങി ഏഴ് തൊഴിലാളികൾ മരിച്ചു. അപകടത്തിൽപെട്ട 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. തുരങ്കത്തിനുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന രണ്ട് തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.

ചമൗളി ജില്ലയിലെ പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് ദാരുണമായ അപകടമുണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ ദുരന്ത നിവാരണ സേന (NDRF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.