നേപ്പാളിൽ വീണ്ടും പ്രളയഭീതി; മഞ്ഞുരുകിയുണ്ടായ തടാകം തകരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, മരണം 350 കടന്നു
വൻ ദുരന്തത്തിന് പിന്നാലെ നേപ്പാൾ-ചൈന അതിർത്തി പ്രദേശങ്ങളിൽ വീണ്ടും വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്. ചൈനയിലെ ചോച്ചൻ ഖോള, പുരേപു സാങ്‌പോ നദികളുടെ സംഗമസ്ഥാനത്ത് മഞ്ഞുരുകി പുതുതായി രൂപപ്പെട്ട തടാകം ഏതുനിമിഷവും തകർന്നേക്കാമെന്ന് ചൈനീസ് ജലവിഭവ മന്ത്രാലയം വെളിപ്പെടുത്തി. നിലവിൽ 20 ലക്ഷം ഘനമീറ്റർ വെള്ളമുള്ള തടാകത്തിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ വെള്ളമെത്തുന്നതോടെ കവിഞ്ഞൊഴുകി കൂറ്റൻ പ്രളയത്തിന് വഴിവെക്കുമെന്നാണ് ആശങ്ക. അപകടസാധ്യത കണക്കിലെടുത്ത് ഭോട്ടേകോശി, ത്രിശൂലി, നാരായണി നദികളുടെ തീരത്തുളളവർക്ക് നേപ്പാൾ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി.
ഓഗസ്റ്റ് 26-ന് ലാംഗ്താങ് ലിറുങ് പർവതനിരകളിൽ നിന്ന് കൂറ്റൻ ഹിമപാളി ഇടിഞ്ഞുവീണുണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിൽ മരണം 350 പിന്നിട്ടു. ചൈന അതിർത്തിയിലുണ്ടായ ഉരുൾപൊട്ടൽ കൂടിയായതോടെ ദുരന്തത്തിന്റെ ആഘാതം വർധിച്ചു. കാണാതായ 288 ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ചൈനീസ് ഭാഗത്തും വ്യാപക നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആഗോളതാപനം മൂലം ഹിമാലയൻ മേഖലയിൽ മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നതാണ് ഇത്തരം അപ്രതീക്ഷിത പ്രളയങ്ങൾക്ക് കാരണമെന്ന് പരിസ്ഥിതി സംഘടനയായ 'ഐസിഐഎംഒഡി' വ്യക്തമാക്കുന്നു. 2005-ൽ 1,900 ആയിരുന്ന ഇത്തരം ഹിമതടാകങ്ങളുടെ എണ്ണം നിലവിൽ 2,600 കവിഞ്ഞത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.