നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; അന്താരാഷ്ട്ര സാങ്കേതിക സഹായം തേടി രാജ്യം, പുനർനിർമ്മാണത്തിന് 500 കോടി ഡോളർ വേണം
ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ വൻ പ്രളയത്തിൽ നേപ്പാൾ കനത്ത പ്രതിസന്ധിയിൽ. നേപ്പാളിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് അതിർത്തിയിലുമായി കാണാതായ 3,000-ത്തോളം ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. കാണാതായവരിൽ ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുൾപ്പെടെ 540-ലധികം വിദേശ പൗരന്മാരുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ദുരന്താനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് 400 മുതൽ 500 കോടി ഡോളർ വരെ ആവശ്യമായി വരുമെന്ന് നേപ്പാൾ ധനകാര്യ മന്ത്രി സ്വർണിം വാഗ്ലെ അറിയിച്ചു.
പ്രളയത്തിൽ ഇതുവരെ 600-ലധികം പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. പകർച്ചവ്യാധി ഭീഷണി ഒഴിവാക്കാൻ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച ശേഷം സംസ്കരിക്കാനാണ് തീരുമാനം. തുരങ്കങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനും തകർന്ന പാലങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിക്കുന്നതിനുമായി അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് അടിയന്തര സാങ്കേതിക സഹായം തേടിയതായി നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി.
ദുരന്തമുഖത്തേക്ക് ഇന്ത്യ ഇതിനകം തന്നെ 60 ടൺ അവശ്യസാധനങ്ങളും ടണൽ റെസ്ക്യൂ ടീം, മെഡിക്കൽ സംഘം, എൻജിനീയറിങ് വിദഗ്ധർ എന്നിവരെയുമടക്കം വൻ ദുരിതാശ്വാസ സഹായം എത്തിച്ചിട്ടുണ്ട്. ചൈനയും മേഖലയിൽ രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. കനത്ത മഴയും മൂടൽമഞ്ഞും മൂലം തടസ്സപ്പെട്ട തിരച്ചിൽ സൈന്യത്തിന്റെയും മറ്റ് സുരക്ഷാസേനകളുടെയും നേതൃത്വത്തിൽ തുടരുകയാണ്.