പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരസ്യമായി വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
Feb 27, 2026, 19:56 IST
ഡൽഹി മദ്യനയക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരസ്യമായി വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ബിജെപി 10 സീറ്റിലധികം നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും റൗസ് അവന്യൂ കോടതി കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്.സിബിഐയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. കെജ്‌രിവാളിനും സിസോദിയയ്ക്കും എതിരെ വിശ്വസനീയമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. വലിയ തോതിലുള്ള അഴിമതിയും ക്രിമിനൽ ഗൂഢാലോചനയും നടന്നെന്ന സിബിഐയുടെ വാദങ്ങൾ കോടതി തള്ളി. കെ കവിത ഉൾപ്പെടെ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 23 പേരെയും കോടതി കുറ്റവിമുക്തരാക്കി. വിചാരണ തുടങ്ങാൻ പോലും ആവശ്യമായ പ്രാഥമിക തെളിവുകൾ കേസിലില്ലെന്ന് 600 പേജുള്ള വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.