കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു
കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു.
ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നടന്ന സിഖ് കൂട്ടക്കൊലയിലെ പങ്ക് തെളിഞ്ഞതോടെ ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. കേസിലെ സജ്ജൻ കുമാറിന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതേസമയം, 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ ഡൽഹിയിലെ ജനക്പുരി, വികാസ്പുരി മേഖലകളിൽ അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ചുള്ള രണ്ട് കേസുകളിൽ ജനുവരിയിൽ ഡൽഹി കോടതി സജ്ജൻ കുമാറിനെ വെറുതെ വിട്ടിരുന്നു. 1980ലും, 91ലും, 2004ലും ലോക് സഭാംഗമായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ പാർട്ടി അംഗത്വം ഉപേക്ഷിച്ചു.