മധ്യപ്രദേശിൽ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി നാലു മരണം; നിരവധി പേരെ കാണാതായി

 

മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ 40 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് മുങ്ങി നാലു മരണം. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിൽ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്നവരിൽ 15 പേരെ രക്ഷപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.

വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബോട്ട് അമിത ഭാരം കാരണമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ബോട്ട് മുങ്ങിയതിനെത്തുടർന്ന് കാണാതായ നിരവധി പേർക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (SDRF) പോലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില അധികൃതർ നിരീക്ഷിച്ചു വരികയാണ്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ബാക്കിയുള്ളവർക്കായി നദിയിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.