സൗത്ത് ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം
തെക്കൻ ഡൽഹിയിലെ സത്യ നികേതൻ മേഖലയിൽ നാലുനില കെട്ടിടം പൂർണ്ണമായി തകർന്നു വീണു. കെട്ടിടത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. വിവരമറിഞ്ഞയുടൻ ഡൽഹി ഫയർ സർവീസിന്റെ എട്ട് ഫയർ യൂണിറ്റുകളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടം നടന്നയുടൻ പ്രദേശവാസികളും ഫയർഫോഴ്സും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങിയത്. ഇതിനോടകം ചിലരെ ജീവനോടെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
കെട്ടിടത്തിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നോ അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്കോ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. വിദ്യാർത്ഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കേന്ദ്രമായാണ് കെട്ടിടം പ്രവർത്തിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അപകടസമയത്ത് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനഞ്ചിലധികം പേർ കെട്ടിടത്തിലുണ്ടായിരുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.