ഇന്ധന വിലവർധനവ്; ഡൽഹിയിൽ വ്യാഴാഴ്ച മുതൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്

 

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ-ടാക്സി ഡ്രൈവർമാർ  പണിമുടക്കിലേക്ക്. മേയ് 21 മുതൽ 23 വരെ പണിമുടക്ക് നടത്തുമെന്ന് അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് അറിയിച്ചു.ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്ധന വിലയിലുണ്ടായ വർധനവിനനുസരിച്ച് നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ഇത് കഴിഞ്ഞ 15 വർഷമായി തുടരുന്നതാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു.

ആപ്പ് അധിഷ്ഠിത ക്യാബ് സേവന കമ്പനികൾ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും ഡ്രൈവർമാരുടെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നും യൂണിയൻ ആരോപിച്ചു. വാഹന പരിപാലനം, ഇൻഷുറൻസ്, പെർമിറ്റ് ഫീസ്, നിത്യവിലക്കയറ്റം എന്നിവയും ഡ്രൈവർമാരെ ബാധിക്കുന്നതായി അവർ പറയുന്നു.

സി.എൻ.ജി, പെട്രോൾ, ഡീസൽ എന്നിവയുടെ വില നിരന്തരം വർധിക്കുന്നതിനാൽ ഇടത്തരം ഡ്രൈവർമാർ തങ്ങളുടെ കുടുംബം പുലർത്താൻ പാടുപെടുകയാണ്. അതിനാൽ ഡൽഹിയിലെ മറ്റ് സംഘടനകളുമായി ഏകോപിപ്പിച്ച് 'ചാലക് ശക്തി യൂണിയൻ' മെയ് 21, 22, 23 തീയതികളിൽ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു' ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡന്റ് അനുജ് കുമാർ റാത്തോഡ് അറിയിച്ചു.