രാജ്യത്ത് ഇന്ധന വില വർധനക്ക് സാധ്യത; നിർബന്ധിത സാഹചര്യമെന്ന് പെട്രോളിയം മന്ത്രി

 

രാജ്യത്ത് പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. എണ്ണ കമ്പനികൾ നേരിടുന്ന വൻ നഷ്ടം ആശങ്കാജനകമാണെന്നും മന്ത്രി വ്യക്തമാക്കി.എണ്ണ വിപണന കമ്പനികൾ പ്രതിദിനം ഏകദേശം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതായും അദ്ദേഹം അറിയിച്ചു.നിലവിലെ വിലയിൽ തുടർന്നു പ്രവർത്തിക്കാൻ പ്രയാസം നേരിടുന്നതിനാൽ വില വർധന പരിഗണനയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം, അടുത്ത രണ്ട് ദിവസത്തിനകം പെട്രോൾ, ഡീസൽ വില ലിറ്ററിന് 5 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം ഇന്ധന ക്ഷാമം ഇല്ലാത്തതിനാൽ വിതരണം തടസപ്പെടില്ലെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നും അധികൃതർ അറിയിച്ചു.എൽപിജി സിലിണ്ടർ വിലയിൽ 50 രൂപ വരെ വർധന ഉണ്ടാകാനിടയുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇന്ധന മേഖലയിലെ സാമ്പത്തിക സമ്മർദ്ദം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും റിസർവ് ബാങ്കുമായി കൂടിയാലോചന നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.രാജ്യത്ത് എൽപിജി ആവശ്യകതയിൽ മാറ്റം ഉണ്ടായതായും ആഭ്യന്തര ഉത്പാദനം വർധിച്ചതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.