അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി കേന്ദ്ര സർക്കാർ
നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരാണ് നിങ്ങൾ എങ്കിൽ ശ്രദ്ധിക്കുക.യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും പുതിയ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിമാനം കയറുന്നതിനു മുൻപ് എല്ലാ യാത്രക്കാരും സ്വയം സാക്ഷ്യപ്പെടുത്തിയ നിർബന്ധിത ഹെൽത്ത് ഡെക്കറേഷൻ ഫോം ഔദ്യോഗിക പോർട്ടലിൽ ഓൺലൈനായി പൂരിപ്പിച്ചു നൽകണം. ഇതിനായി ജൂൺ 25 മുതൽ എയർ സുവിധ 2.o പോർട്ടൽ സിവിൽ വ്യോമയോന മന്ത്രാലയം ആരംഭിച്ചു.
ആഫ്രിക്കയിൽ എബോള രോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം.വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തുന്ന എല്ലാ പ്രവാസികൾക്കും വിദേശ വിനോദസഞ്ചാരികൾക്കും പ്രായഭേദമന്യേ ഈ നിയമം ബാധകമാണ്. യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ, പാസ്‌പോർട്ട് നമ്പർ, നിലവിലെ ആരോഗ്യസ്ഥിതി, കഴിഞ്ഞ 14 ദിവസത്തിനിടെ സന്ദർശിച്ച രാജ്യങ്ങളുടെ വിവരങ്ങൾ എന്നിവ ഫോമിൽ കൃത്യമായി രേഖപ്പെടുത്തണം. ഓൺലൈനായി ഫോം കൃത്യമായി സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന അക്‌നോളജ്‌മെന്റ് കോപ്പി വിമാനത്താവളങ്ങളിൽ കാണിച്ചാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കുകയുള്ളൂ.
വിമാനത്താവളങ്ങളിലെ പരിശോധനകൾ കൂടുതൽ വേഗത്തിലാക്കാനും രോഗലക്ഷണങ്ങളുള്ളവരെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും ഈ പുതിയ സംവിധാനം സഹായകമാകും. വരും ദിവസങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ പ്രവാസികളും ഈ പുതിയ നിയമം പാലിച്ച് കൃത്യസമയത്ത് ഫോം പൂരിപ്പിക്കണമെന്ന് എയർലൈൻ അധികൃതരും അറിയിച്ചിട്ടുണ്ട്.