ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; 'ആദിവാസി സ്‌കൂൾ തിക് കരോ' ക്യാംപെയിനുമായി സിജെപി
Sep 16, 2026, 18:32 IST
ആദിവാസി മേഖലകളിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പുതിയ ക്യാംപെയിനുമായി കോക്റോച്ച് ജനതാ പാർട്ടി. 'ആദിവാസി സ്‌കൂൾ തിക് കരോ' എന്ന പേരിലുള്ള ക്യാംപെയിൻ സെപ്റ്റംബർ 17ന് മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നിന്ന് ആരംഭിക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്‌കെ അറിയിച്ചു.
തുടർച്ചയായി അധികാരത്തിലെത്തിയ സർക്കാരുകൾ ആദിവാസി സ്കൂളുകളെ അവഗണിച്ചുവെന്നാണ് പാർട്ടിയുടെ ആരോപണം. അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ സിജെപി പ്രവർത്തകർ സ്‌കൂളുകൾ സന്ദർശിക്കുമെന്നും അഭിജീത് ദിപ്‌കെ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ മഹാരാഷ്ട്രയിൽ 590ലധികം ആദിവാസി വിദ്യാർഥികൾ മരിച്ചതായും പാമ്പുകടിയുൾപ്പെടെയുള്ള കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് പലപ്പോഴും നഷ്ടപരിഹാരം ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.