റിമാൻഡ് ചെയ്യാൻ താല്പര്യമില്ലെന്ന് സർക്കാർ; ഉദയനിധി സ്റ്റാലിനെ ഇന്നുതന്നെ മോചിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശം
നടി തൃഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഇന്നുതന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഉദയനിധിയെ വിട്ടയക്കണമെന്നും, അന്വേഷണവുമായി സഹകരിക്കാൻ നിർദേശിക്കുന്നുവെന്നും ജസ്റ്റിസ് ജി.കെ. ഇളന്തിരയയ്യൻ വ്യക്തമാക്കി. ഉദയനിധിയെ റിമാൻഡ് ചെയ്യാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മോചിപ്പിക്കുമെന്നും അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നിർദേശം.
കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ജോസഫ് വിജയിയെ വിമർശിക്കുമ്പോൾ നടി തൃഷയെക്കുറിച്ച് ഉദയനിധി നടത്തിയ ദ്വയാർഥ പരാമർശമാണ് കേസിനാസ്പദം. തുടർന്ന് നീലാങ്കരയിലെ വീട്ടിലെത്തി അതിനാടകീയമായി ഉദയനിധിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിൽ പ്രതിഷേധിച്ച് ഡി.എം.കെ പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടുകയും തമിഴ്‌നാട്ടിലുടനീളം വലിയ പ്രതിഷേധങ്ങൾ ഉയർത്തുകയും ചെയ്തു. നാളെ തമിഴ്‌നാട് നിയമസഭയിൽ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ നടന്ന അറസ്റ്റ് സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ഡി.എം.കെ കുറ്റപ്പെടുത്തി.