ഗ്രേറ്റ് നിക്കോബാർ പദ്ധതി അദാനിയെ സഹായിക്കാനെന്ന് രാഹുൽ ഗാന്ധി; ദ്വീപിൽ സ്കൂബ ഡൈവിങ് നടത്തി

 

ആന്റമാൻ നിക്കോബാർ ദ്വീപിലെ ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിയെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രാദേശിക സമൂഹങ്ങളേയും ദ്വീപിന്റെ സവിശേഷമായ പരിസ്ഥിതിയേയും പൂർണ്ണമായി അവഗണിച്ച് കോർപ്പറേറ്റ് വാണിജ്യ താല്പര്യങ്ങൾക്ക് മാത്രമാണ് കേന്ദ്രം മുൻഗണന നൽകുന്നതെന്നും, ഈ വൻകിട പദ്ധതി വ്യവസായി അദാനിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം വിമർശിച്ചു.

അടുത്തിടെ ആന്റമാൻ നിക്കോബാറിലെ ഇന്ദിരാ പോയിന്റ് സന്ദർശിച്ച വിവരങ്ങൾ രാഹുൽ എക്‌സിലൂടെയാണ് (X) പങ്കുവെച്ചത്. സന്ദർശന വേളയിൽ ഗ്രേറ്റ് നിക്കോബാറിലെ പവിഴപ്പുറ്റുകൾക്കിടയിലൂടെ അദ്ദേഹം സ്‌കൂബ ഡൈവിങ് നടത്തുന്നതിന്റെയും, അവിടെയുള്ള ഗോത്രവർഗ്ഗക്കാരുമായും കുടിയേറ്റക്കാരുമായും ആശയവിനിമയം നടത്തുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ തന്റെ യുട്യൂബ് ചാനൽ വഴി പുറത്തുവിട്ടിട്ടുണ്ട്. വനാവകാശ നിയമങ്ങൾ പരസ്യമായി ലംഘിച്ചുകൊണ്ട് ഗോത്രവർഗ്ഗക്കാരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും, അവിടെ പുനരധിവസിപ്പിക്കപ്പെട്ട മുൻ സൈനികർ അടക്കമുള്ള കുടിയേറ്റക്കാർക്ക് അർഹമായ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

<a style="border: 0px; overflow: hidden" href=https://youtube.com/embed/dpYuGZx_ogo?autoplay=1&mute=1><img src=https://img.youtube.com/vi/dpYuGZx_ogo/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" title="Great Nicobar Project - This is What Modi Doesn’t Want You to See | Rahul Gandhi | Green Over Greed" width="1005">

ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രതിരോധ നീക്കത്തിന്റെ ഭാഗമാണെന്ന കേന്ദ്രത്തിന്റെ വാദത്തെയും രാഹുൽ ഗാന്ധി ശക്തമായി ചോദ്യം ചെയ്തു. രാജ്യസുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെങ്കിൽ, ആന്റമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ത്യൻ നാവികസേനയുടെ പ്രധാന വ്യോമതാവളമായ 'ഐ.എൻ.എസ്. ബാസ്' (INS Baaz) വികസിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി നാവികസേന ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും സർക്കാർ അത് അവഗണിക്കുകയാണ്. ഐ.എൻ.എസ്. ബാസ് വികസിപ്പിക്കുകയാണെങ്കിൽ പ്രതിപക്ഷം സർക്കാരിനെ പൂർണ്ണമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിൽ പുതിയൊരു അന്താരാഷ്ട്ര കപ്പൽ ചരക്കുകൈമാറ്റ കേന്ദ്രത്തിന്റെ (ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട്) ആവശ്യകതയുണ്ടെന്ന വാദത്തെയും രാഹുൽ തള്ളിപ്പറഞ്ഞു. സമാനമായ ഒരു വൻകിട സൗകര്യം ഇതിനകം തന്നെ കേരളത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗ്രേറ്റ് നിക്കോബാർ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഒരൊറ്റയടിക്ക് ഒന്നരക്കോടിയിലധികം മരങ്ങൾ വെട്ടിമാറ്റപ്പെടുമെന്നും ഗോത്രവർഗ്ഗക്കാരും മുൻ സൈനികരും കുടിയൊഴിപ്പിക്കപ്പെടുമെന്നും ഇത് പവിഴപ്പുറ്റുകൾക്ക് വലിയ നാശമുണ്ടാക്കുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഈ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം അണിനിരത്തുന്നതിനായി തന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അദ്ദേഹം പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.