കുതിച്ചുയർന്ന് ജി.എസ്.എൽ.വി എഫ്-18; 'നാവിക്' പരമ്പരയിലെ 'എൻ.വി.എസ്-03' ഭ്രമണപഥത്തിൽ

 

ഐ.എസ്.ആർ.ഒയുടെ (ISRO) ജി.എസ്.എൽ.വി എഫ്-18 (GSLV-F18) ദൗത്യം വിജയകരമായി പൂർത്തിയായി. തദ്ദേശീയ നാവിഗേഷൻ സംവിധാനമായ 'നാവിക്' (NavIC) പരമ്പരയിലെ ആധുനിക ഉപഗ്രഹമായ എൻ.വി.എസ്-03 (NVS-03) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. വിദേശ ജി.പി.എസ് സേവനങ്ങൾക്ക് പകരമായി ഇന്ത്യ വികസിപ്പിച്ച ഗതിനിർണയ ശൃംഖലയെ ശക്തിപ്പെടുത്തുന്നതാണ് ഈ നിർണായക ദൗത്യം. ഐ.എസ്.ആർ.ഒയുടെ 'സ്മാർട്ട് ബോയ്' എന്നറിയപ്പെടുന്ന ജി.എസ്.എൽ.വി റോക്കറ്റിന്റെ ഇരുപതാം ദൗത്യമായിരുന്നു ഇത്.

2232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 19 മിനിറ്റിനുള്ളിൽ ജി.എസ്.എൽ.വി റോക്കറ്റ് ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിലെത്തിച്ചു. 12 വർഷം പ്രവർത്തനകാലാവധിയുള്ള ഉപഗ്രഹത്തിൽ സമയനിർണയത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലും 1500 കിലോമീറ്റർ ചുറ്റളവിലും ജി.പി.എസിനേക്കാൾ ഉയർന്ന സൂക്ഷ്മതയോടെ ലൊക്കേഷൻ സേവനങ്ങൾ നൽകാൻ എൻ.വി.എസ്-03ക്ക് സാധിക്കും.

സ്മാർട്ട്ഫോണുകളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന എൽ1 ഫ്രീക്വൻസി ബാൻഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധം, റെയിൽ-റോഡ്-വ്യോമ ഗതാഗതം, ദുരന്തനിവാരണം, ടെലികോം തുടങ്ങിയ മേഖലകൾക്ക് ഈ ഉപഗ്രഹത്തിന്റെ വിജയം വലിയ രീതിയിൽ കരുത്തേകും.