പൊതുപരിപാടികൾ റദ്ദാക്കി ഗ്യാനേഷ് കുമാർ; തീരുമാനങ്ങൾ റദ്ദാക്കണമെന്ന് ഹർജി, ഇംപീച്ച്‌മെന്റ് നോട്ടീസിന് പ്രതിപക്ഷം

 

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ വിയോജിപ്പ് പുറത്തുവന്നതിനെ തുടർന്ന് ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ പൊതുപരിപാടികൾ റദ്ദാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഉത്തർ പ്രദേശിലെ മീററ്റിൽ യുവാക്കളും ബിഎൽഒമാരും പങ്കെടുക്കേണ്ടിയിരുന്ന 'ഗ്രാൻഡ് ഡയലോഗ്' പരിപാടിയും, തിങ്കളാഴ്ച വാരാണസിയിൽ നടക്കാനിരുന്ന സമാന ചടങ്ങുമാണ് റദ്ദാക്കിയത്.

അതേസമയം എസ്‌ഐആറുമായി ബന്ധപ്പെട്ട ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും എസ്‌ഐആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രമേയത്തിന് പ്രതിപക്ഷം ഒരാഴ്ചയ്ക്കകം നോട്ടീസ് നൽകും.

ഫോം ആറിൽ എസ്‌ഐആർ ചോദ്യം ഉൾപ്പെടുത്തിയത്, ഡേറ്റാബേസിന്റെ നിയന്ത്രണം ഡൽഹി ആസ്ഥാനത്തേക്ക് മാറ്റിയത്, ബംഗാളിൽ 14 ലക്ഷം വോട്ടർമാരെ പുറത്താക്കാൻ കത്തയച്ചത് തുടങ്ങിയ കാര്യങ്ങളിൽ കമ്മിഷണർമാർ ഉന്നയിച്ച വിയോജിപ്പുകൾ പ്രതിപക്ഷം പ്രമേയത്തിൽ ആയുധമാക്കും. നേരത്തെ രാജ്യസഭയിൽ 73 എംപിമാർ ഒപ്പുവെച്ച നോട്ടീസ് നൽകിയെങ്കിലും സാങ്കേതികമായി തള്ളപ്പെട്ടിരുന്നു. തുടർന്നാണ് കൂടുതൽ ശക്തമായ നിയമപരിശോധനകളോടെ പുതിയ നോട്ടീസ് നൽകാൻ പ്രതിപക്ഷം തയ്യാറെടുക്കുന്നത്.