'ഗ്യാനേഷ് കുമാർ മോദിയുടെ കളിപ്പാവ'; കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുപ്പിച്ച് മല്ലികാർജുൻ ഖർഗെ

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നരേന്ദ്ര മോദിയുടെ കളിപ്പാവയായി മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഖർഗെ രൂക്ഷവിമർശനം ഉന്നയിച്ചത്.

വോട്ടർ പട്ടികയിൽ മാറ്റങ്ങൾ വരുത്തി ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻഗാമികൾ ത്യാഗങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും പടുത്തുയർത്തിയ ജനാധിപത്യ സംവിധാനത്തെ കഴിഞ്ഞ 12 വർഷമായി മോദി സർക്കാർ ആസൂത്രിതമായി തകർക്കുകയാണെന്ന് ഖർഗെ ആരോപിച്ചു. അർഹതയുള്ള ഓരോ പൗരന്റെയും വോട്ട് സംരക്ഷിക്കപ്പെടേണ്ട സ്ഥാനത്ത് വോട്ടുകളുടെ സംരക്ഷകർ തന്നെ അത് കൊള്ളയടിക്കുന്നവരായി മാറുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.