ഗ്യാനേഷ് കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കണം; തേജസ്വി യാദവ്
വോട്ടുകൊള്ളയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഡൽഹിയിലെ രാംലീലാ മൈതാനിയിൽ നടന്നു. വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കും ആർജെഡി നേതാവ് തേജസ്വി യാദവ് നന്ദി അറിയിച്ചു.
മഹാഭാരതത്തിലെ ശകുനിയുടെ കളികളെ പരാമർശിച്ച തേജസ്വി യാദവ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയിലെ കളിപ്പാവയാണെന്നും സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും തേജസ്വി ആരോപിച്ചു. രാജ്യത്തെ വോട്ടർമാരും അവരെ വഞ്ചിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണിതെന്നും ജനാധിപത്യം സംരക്ഷിക്കാൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെ പുറത്താക്കുമെന്നും പിന്നാലെ മോദിയെയും അധികാരത്തിൽനിന്ന് പുറത്താക്കുമെന്നും ഖർഗെ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.