'ഗ്യാനേഷ് കുമാർ രാജിവെച്ച് മാപ്പ് സാക്ഷിയാകണം; ചെയ്തത് രാജ്യദ്രോഹം, കൈയുംകെട്ടി നോക്കിനിൽക്കില്ല'; രാഹുൽ ഗാന്ധി
തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എത്രയും വേഗം രാജി സമർപ്പിക്കണമെന്നും, ജനാധിപത്യപരമായ മൂല്യങ്ങൾ തകർത്ത നടപടികളിലെ സത്യം പുറത്തുപറഞ്ഞ് മാപ്പ് സാക്ഷിയാകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ സംബന്ധിച്ച വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്.
വോട്ട് അട്ടിമറിക്കുന്നതും ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതും രാജ്യത്തിനെതിരെയുള്ള കടുത്ത കുറ്റകൃത്യവും രാജ്യദ്രോഹവുമാണ്. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് പ്രധാന പങ്കുവഹിച്ചിട്ടുള്ളത്. ഇതിന് കൂട്ടുനിന്നവർക്ക് എപ്പോഴായാലും കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തുടർന്നുവന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻതോതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് 100 ശതമാനം ഉറപ്പിച്ചു പറയാൻ സാധിക്കും. വോട്ടുകൾ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വം തന്നെ വോട്ട് മോഷണത്തിന് സഹായമൊരുക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും രാഹുൽ ആരോപിച്ചു.
'മോഷ്ടിച്ച വോട്ടുകളുടെ ബലത്തിലാണ് എംപിമാർ പാർലമെന്റിൽ എത്തിയിരിക്കുന്നതെങ്കിൽ, അവർ കൊണ്ടുവരുന്ന ഏത് നിയമവും അതിലൂടെ നടപ്പിലാക്കുന്ന സ്ഥാപനപരമായ മാറ്റങ്ങളും നിയമവിരുദ്ധമാണ്. രാജ്യത്ത് ജനാധിപത്യം തകരുന്നത് നോക്കിനിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഇതിന് കാരണക്കാരായവർ നാളെയെങ്കിലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും' - രാഹുൽ പറഞ്ഞു. 1971-ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം ഇന്ദിരാഗാന്ധിക്ക് വൻ ജനപ്രീതിയുണ്ടായിരുന്നെങ്കിലും, ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ഭരണവിരുദ്ധ വികാരം അവർക്ക് നേരിടേണ്ടിവന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കൾക്കും പ്രാദേശിക പാർട്ടി തലവന്മാർക്കും ഇതാണ് സംഭവിച്ചിട്ടുള്ളത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും മാത്രം ഈ സാഹചര്യം ഉണ്ടാകുന്നില്ല. വോട്ട് അട്ടിമറിക്കാനുള്ള കഴിവാണ് അവരുടെ ഈ ആത്മവിശ്വാസത്തിന് ആധാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.