ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച് തടഞ്ഞ് പൊലീസ്

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. ആകാശവാണി ഓഫീസിന് മുന്നിലാണ് മാർച്ച് തടഞ്ഞത്. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സമാജ്വാദി പാർട്ടി പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറിയിരുന്നും പ്രതിഷേധിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ ഇന്ത്യ സഖ്യ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ബിജെഡിയും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി.

പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് 3,000ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പാർലമെന്റ് പരിസരം, പാർലമെന്റ് സ്ട്രീറ്റ് റൗണ്ട് എബൗട്ട്, തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഗ്യാനേഷ് കുമാർ തകർത്തുവെന്നാണ് കോൺഗ്രസ് എംപിമാരുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് നേരത്തെ ചോദ്യങ്ങൾ ഉയർന്നിരുന്നില്ലെന്നും, എന്നാൽ ഇപ്പോൾ ആ വിശ്വാസത്തിന് മങ്ങലേറ്റെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിന് മറുപടി നൽകുന്നത് ബിജെപി നേതാക്കളാണെന്നും അവർ കുറ്റപ്പെടുത്തി.