ഗ്യാനേഷ് കുമാറിന്റെ രാജി: വിലക്ക് ലംഘിച്ചും ഡൽഹിയിൽ പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐയും ഡിവൈ.എഫ്.ഐയും
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹി ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് എസ്.എഫ്.ഐയും ഡിവൈ.എഫ്.ഐയും. പോലീസിന്റെ അനുമതി നിഷേധിക്കപ്പെട്ടെങ്കിലും വിലക്ക് ലംഘിച്ച് പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് യുവാക്കളും വിദ്യാർത്ഥികളും പ്രതിഷേധത്തിൽ അണിനിരക്കും.
അതേസമയം, മുംബൈയിൽ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച പ്രക്ഷോഭത്തിലേക്ക് തങ്ങൾക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.ജെ.പിയുമായി ആശയവിനിമയം നടക്കുകയാണെങ്കിൽ ബാക്കി കാര്യങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.