സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി
പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആശുപത്രി മാറ്റണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി അംഗീകരിച്ചു. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നിന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാനാണ് കോടതി അനുമതി നൽകിയത്.സോനം വാങ്ചുക്കിന്റെ മെഡിക്കൽ രേഖകൾ മേദാന്ത ആശുപത്രിക്ക് കൈമാറാൻ സഫ്ദർജങ് ആശുപത്രിയോട് ഹൈക്കോടതി നിർദേശിച്ചു.സോനം വാങ്ചുക്ക് മുന്നോട്ടുവെച്ച ആശങ്കകൾ അവഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 29ന് ജന്തർ മന്തറിൽ നിരാഹാര സമരം ആരംഭിച്ച വാങ്ചുക്കിനെ, 21 ദിവസത്തെ സമരത്തിന് ശേഷം ജൂലൈ 18ന് പൊലീസ് ബലംപ്രയോഗിച്ച് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.അനുകൂലമായ ഉത്തരവ് ഉണ്ടായതിൽ ഡൽഹി ഹൈക്കോടതിക്ക് ഗീതാഞ്ജലി ആങ്‌മോ നന്ദി അറിയിച്ചു. എക്‌സിലൂടെയാണ് പ്രതികരണം. സോനത്തിന്റെ ആരോഗ്യനിലയേക്കുറിച്ച് തെറ്റായ വിവരങ്ങളാണ് സഫ്‌ദർജങ് ആശുപത്രി അധികൃതർ പുറത്തുവിടുന്നതെന്ന് നേരത്തെ ഗീതാഞ്ജലി ആരോപിച്ചിരുന്നു.