കസ്റ്റഡിയിലെടുത്ത 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം; നിർണായക ഉത്തരവുമായി സുപ്രീംകോടതി
പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയപരിധി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലല്ലെന്നും മറിച്ച് വ്യക്തിയെ കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്നും സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ചന്ദൂർകർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത് മുതൽ സമയപരിധി കണക്കാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 22(2)-നും ബി.എൻ.എസ്.എസിലെ (BNSS) 56-ാം വകുപ്പിനും എതിരാണെന്ന് കോടതി വ്യക്തമാക്കി.
അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പുള്ള ചോദ്യം ചെയ്യലിനോ അന്വേഷണത്തിനോ എടുക്കുന്ന സമയത്തിന് ഭരണഘടനാപരമായ ഇളവുകളില്ല. കസ്റ്റഡിയിലെടുത്ത സ്ഥലത്ത് നിന്ന് മജിസ്ട്രേറ്റിന്റെ അടുക്കലേക്കുള്ള യാത്രാസമയം മാത്രമാണ് ഒഴിവാക്കാനാകുക. വ്യക്തിയുടെ സ്വാതന്ത്ര്യം തടയപ്പെടുന്ന നിമിഷം മുതൽ സമയപരിധി ആരംഭിക്കും. ചെറിയ കാലയളവിലേക്കുള്ള കസ്റ്റഡിയെ അറസ്റ്റായി കാണാനാകില്ലെന്ന വാദത്തോട് വിയോജിച്ച കോടതി, മൗലികാവകാശങ്ങളിൽ താൽക്കാലിക സസ്പെൻഷൻ സാധ്യമല്ലെന്നും വ്യക്തമാക്കി.
എൻ.ഡി.പി.എസ് കേസിൽ ജാമ്യം നിഷേധിച്ച ത്രിപുര ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. 2025 സെപ്റ്റംബർ 29-ന് ഉച്ചയ്ക്ക് രണ്ടിന് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് അടുത്ത ദിവസം രാവിലെ 11-നാണ് പോലീസ് രേഖപ്പെടുത്തിയത്. യാതൊരു ജുഡീഷ്യൽ മേൽനോട്ടവുമില്ലാതെ 18 മണിക്കൂറോളം തടങ്കലിൽ വെച്ചത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ ഉടൻ മോചിപ്പിക്കാൻ കോടതി നിർദേശിച്ചു. കസ്റ്റഡി പീഡനങ്ങൾ തടയാൻ കൃത്യമായ ജുഡീഷ്യൽ മേൽനോട്ടം അനിവാര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു.