ദേശീയതാത്പര്യം പരിഗണിച്ച് രാജി സമർപ്പിച്ചു; വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ ശക്തിയെന്ന് ധർമേന്ദ്ര പ്രധാൻ
ജന്തർമന്തറിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന സംഭവവികാസങ്ങളിൽ അതീവ ദുഃഖിതനാണെന്നും ദേശീയതാത്പര്യം മുൻനിർത്തി പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചെന്നും വ്യക്തമാക്കി മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് (X) രണ്ടു പേജ് അടങ്ങുന്ന രാജിക്കത്ത് പങ്കുവെച്ച് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്.
രാജ്യത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികൾ നിലവിലെ സാഹചര്യം മുതലെടുക്കരുതെന്നും രാജ്യത്തിന്റെ ഐക്യവും വിദ്യാർത്ഥികളുടെ ഭാവിയും പണയം വെക്കപ്പെടരുതെന്നും കരുതിയാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ ഉയർന്നുവന്നപ്പോൾത്തന്നെ വിഷയം സി.ബി.ഐക്ക് വിടുകയും പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടത്താനും തീരുമാനിച്ചിരുന്നു. എങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം തുടർന്ന സാഹചര്യത്തിലാണ് തീരുമാനം. തനിക്ക് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു.