ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പ്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 4 മുതൽ 5 ദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ ശക്തമായ ഉഷ്ണതരംഗം തുടരാനാണ് സാധ്യത.ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
രാജസ്ഥാന്റെ ചില ഭാഗങ്ങളിലും മധ്യേന്ത്യയിലും താപനില 48 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. മേയ് 18ലെ കണക്കുകൾ പ്രകാരം ഡൽഹിയിൽ 45 ഡിഗ്രി സെൽഷ്യസും, നാഗ്പൂരിൽ 46 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലകളിൽ താപനില 47 ഡിഗ്രി കടന്നു.
മേയ് 18 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ ഇടങ്ങളിൽ ഉഷ്ണതരംഗം അതീവ തീവ്രമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ താപനില 43 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ താപനില വരും ദിവസങ്ങളിൽ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പകൽ സമയത്തെ കടുത്ത വെയിലിനും വരണ്ട കാറ്റിനും പുറമെ, രാത്രികാലങ്ങളിലും ചൂടിന് വലിയ ശമനമില്ല.
രാത്രിയിലെ താപനില 25 ഡിഗ്രി മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കുന്നത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ പരമാവധി പകൽ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും, നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്