ശക്തമായ മഴ; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം, തുറമുഖങ്ങളിൽ ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് റെഡ് അലർട്ടും ശക്തമായ മഴ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം.
വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പുകളും അടിയന്തര സഹായ നമ്പറുകളും വ്യാപകമായി അറിയിക്കണമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
കേരള-കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തിയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിനെ തുടർന്ന് കാസർകോട്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര, തിരുവനന്തപുരം തുറമുഖങ്ങളിൽ ലോക്കല്‍ ക്വാഷനറി സിഗ്‌നല്‍ നമ്പര്‍ III (മൂന്നാം നമ്പര്‍ ജാഗ്രതാ സിഗ്‌നല്‍) ഉയര്‍ത്തി നിര്‍ത്താന്‍ ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി.
മത്സ്യത്തൊഴിലാളികളും ചെറുവള്ള-ബോട്ടുടമകളും തീരദേശ യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.