ജമ്മു-കശ്മീരിൽ കനത്ത മഴ; ദേശീയപാത അടച്ചു, മരണസംഖ്യ 23 ആയി
നാലാം ദിവസവും തുടരുന്ന കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിൽ ജനജീവിതം പൂർണമായും താറുമാറാക്കി. വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു.
ഉധംപുർ മുതൽ ബനിഹാൽ വരെയുള്ള ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും പാറവീഴ്ചയും ഉണ്ടായതിനെ തുടർന്ന് ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. കാലാവസ്ഥ മെച്ചപ്പെടുകയും റോഡ് സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതുവരെ ദേശീയപാതയിലൂടെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച മുതൽ പൂഞ്ച്, രജൗരി, ഡോഡ ജില്ലകളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 23 പേർ മരിക്കുകയും ഏഴ് പേരെ കാണാതാകുകയും ചെയ്തു. കാണാതായവർക്കുള്ള വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഞായറാഴ്ച മുതൽ നിർത്തിവച്ചിരിക്കുന്ന അമർനാഥ് യാത്ര, വൈഷ്ണോദേവി തീർഥാടനം എന്നിവ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ കത്വ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 153 മില്ലീമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. സാംബ, ഉധംപുർ, ജമ്മു, കത്ര, പൂഞ്ച്, രജൗരി ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. വ്യാഴാഴ്ച വൈകിട്ട് വരെ മിതമായതോ ശക്തമായതോ ആയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പ്രധാന നദികളടക്കം മിക്ക ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമടക്കം വെള്ളം കയറി. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ വൈദ്യുതി, കുടിവെള്ള വിതരണം ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളും പല പ്രദേശങ്ങളിലും തടസപ്പെട്ടു. പൊലീസ്, എസ്‍ഡിആർഎഫ്, എൻഡിആർഎഫ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മഴ കുറയാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.