മുംബൈയിൽ കനത്ത മഴ; നഗരം വെള്ളക്കെട്ടിൽ, റെഡ് അലർട്ട് മുന്നറിയിപ്പ്
തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായതോടെ മുംബൈയിലും സമീപപ്രദേശങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു കനത്ത മഴ തുടരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 200 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് മുംബൈ, താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മിഥാഗർ മുൻസിപ്പൽ സ്കൂൾ (മുലുണ്ട്) പരിസരത്ത് 218.6 മില്ലിമീറ്ററും എസ് വാർഡ് ഓഫീസിൽ 212 മില്ലിമീറ്ററും പവായിൽ 208.4 മില്ലിമീറ്ററും മഴ ലഭിച്ചു. പടിഞ്ഞാറൻ മുംബൈയിലെ സാന്താക്രൂസിൽ 216 മില്ലിമീറ്ററും അന്ധേരിയിൽ 204 മില്ലിമീറ്ററുമാണ് രേഖപ്പെടുത്തിയ താപനില. ആഴ്ചകളായി തുടർന്ന ഉഷ്ണതരംഗത്തിന് പിന്നാലെയെത്തിയ മൺസൂൺ കനത്ത വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനുമാണ് വഴിവെച്ചിരിക്കുന്നത്.
അന്ധേരി സബ്‌വേ, കിങ്‌സ് സർക്കിൾ, ഗാന്ധി മാർക്കറ്റ്, ദാദർ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളം ഉയർന്നതോടെ നിരവധി വാഹനങ്ങൾ ഭാഗികമായി മുങ്ങി. കനത്ത മഴയെത്തുടർന്ന് വിമാന സർവീസുകൾ വൈകുന്നതായി ഇൻഡിഗോ, അകാസ എയർലൈൻസ് കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്കൊപ്പം 50-60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) ജനങ്ങളോട് നിർദ്ദേശിച്ചു.