തമിഴ്നാട്ടിൽ കനത്ത മഴ; കൊടൈക്കനാലിൽ റെഡ് അലർട്ട്;വീടുകളിൽ വെള്ളം കയറി

 

വടക്കുകിഴക്കൻ കാലവർഷം ശക്തിപ്രാപിച്ചതോടെ തമിഴ്നാട്ടിൽ വ്യാപകമായി കനത്ത മഴ. ഇതേത്തുടർന്ന് പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കൊടൈക്കനാലിലെ മൂഞ്ചിക്കൽ-ടോപിക്കാനൽ മേഖലയിൽ ഇരുപതിലധികം വീടുകളിൽ വെള്ളം കയറി. മഴ ശക്തമായതോടെ കൊടൈക്കനാൽ ഉൾപ്പെടെയുള്ള മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകരില്ലാതെ വിജനമായി.

കനത്ത മഴയിൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. തേനിയിലെ ആണ്ടിപ്പട്ടിയിലുള്ള വൈഗൈ അണക്കെട്ടിലെ ജലനിരപ്പ് ഒൻപത് മാസത്തെ ഇടവേളയ്ക്കുശേഷം 50 അടിയിലെത്തി. അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.