ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷം; 24 മണിക്കൂറിനിടെ എട്ടു മരണം
ഉത്തരാഖണ്ഡിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കെട്ടിടങ്ങൾ തകർന്ന വീണും മണ്ണിടിഞ്ഞും എട്ടു പേർ മരിച്ചു. രുദ്രപ്രയാഗ്, അൽമോറ, ഡെറാഡൂൺ ജില്ലകളെയാണ് ദുരന്തം രൂക്ഷമായി ബാധിച്ചത്.
അൽമോറ ജില്ലയിലുണ്ടായ രണ്ടു വ്യത്യസ്ത അപകടങ്ങളിൽ രണ്ട് നേപ്പാളി തൊഴിലാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. ധർകി ടുണിയിൽ കുന്ന് ഇടിഞ്ഞുവീണും സോമേശ്വറിൽ വീടിനു മുകളിലേക്ക് മണ്ണും കല്ലും പതിച്ചുമാണ് ദുരന്തമുണ്ടായത്. ഡെറാഡൂണിലെ പ്രേംനഗറിൽ പുഴയിലെ കുത്തൊഴുക്കിൽ കാർ ഒലിച്ചുപോയി യുവാവും യുവതിയും മരിച്ചു. ഈ അപകടത്തിൽ പരിക്കേറ്റ ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. വികാസ് നഗറിലും ഹെർബർട്ട്പൂരിലും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങളെ ട്രാക്ടറുകൾ ഉപയോഗിച്ചാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
രുദ്രപ്രയാഗ് ജില്ലയിൽ ഭൂമി ഇടിഞ്ഞുതാഴുന്നതും മണ്ണൊലിപ്പും മൂലം നിരവധി വീടുകൾക്കും റോഡുകൾക്കും കൃഷിഭൂമികൾക്കും കേടുപാടുകൾ സംഭവിച്ചു. ജഖാലി-ഭീരി റോഡ് തകർന്നതോടെ പ്രദേശത്തേക്കുള്ള ഗതാഗതവും കുടിവെള്ള വിതരണവും തടസ്സപ്പെട്ടു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികളും തീർഥാടകരും ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി. ദുരന്തബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.