നേപ്പാളിൽ ലാൻഡിങ്ങിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

 

നേപ്പാളിൽ എവറസ്റ്റ് മേഖലയ്ക്ക് സമീപം ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്ന് ദാരുണ അപകടം. അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയുള്ള സോലുഖുംബു ജില്ലയിലെ ഹെലിപോർട്ടിലാണ് സംഭവം നടന്നത്.

'എയർ ഡൈനാസ്റ്റി', 'ഫിഷ് ടെയിൽ' എന്നീ സ്വകാര്യ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 8:15-ഓടെയാണ് ദുരന്തമുണ്ടായത്. ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഒരു ഹെലികോപ്റ്റർ നിലത്തുണ്ടായിരുന്ന മറ്റൊരു ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പരിക്കേറ്റവരെ അടിയന്തര വൈദ്യസഹായത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ നേപ്പാൾ വ്യോമയാന മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.