ഹിജാബ് ധരിക്കാൻ അനുവാദമില്ല; വിദ്യാർത്ഥിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

 

 

സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവാദം തേടി മുസ്ലിം വിദ്യാർത്ഥി നൽകിയ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന യൂണിഫോമിൽ വ്യക്തികൾക്ക് മാറ്റം വരുത്താൻ സാധിക്കില്ല എന്ന വാദമുയർത്തിയാണ് ഹർജി തള്ളിയത്.

പ്രയാഗ്‌രാജിലെ ഒരു സ്വകാര്യ സ്കൂളിൽ പ്ലസ് വണിലേക്ക് പ്രവേശനം തേടുന്ന വിദ്യാർത്ഥിയുടെ അമ്മയാണ് ഹിജാബ് ധരിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ ഹർജി സമർപ്പിച്ചത്.

ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമികാചാരപ്രകാരം അനിവാര്യമാണെന്നും, ആറാം ക്ലാസ് മുതൽ താൻ സ്കൂളിൽ ഇത് ധരിക്കുന്നുണ്ടെന്നും ഇവർ ഹർജിയിൽ പറഞ്ഞിരുന്നു. ഹർജിക്കാരുടെ അതെ മതത്തിലുള്ള മറ്റു വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നില്ല എന്ന വിചിത്രവാദമാണ് കോടതി ഉന്നയിച്ചത്.

എല്ലാവർക്കും ഒരേ യൂണിഫോം ആണ് നൽകുന്നതെന്നും ഒരാൾക്ക് മാത്രമായി ഇളവ് നൽകാൻ സാധിക്കില്ല. സ്വകാര്യ സ്കൂളുകൾക്ക് അവരുടേതായ മാർഗനിർദേശങ്ങളും അച്ചടക്കവുമുണ്ടെന്നും അതിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ഒരു മതേതര രാജ്യത്തെ നീതിപീഠത്തിൽ നിന്ന് ഇത്തരം ഏകപക്ഷീയമായ വിധി വരുന്നതിനെതിരെ ഇതുണ്ടാകാം തന്നെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.