ബൂർഖ ധരിച്ച് കാമുകിയെ കാണാൻ ഹോസ്റ്റലിൽ എത്തി; മലയാളി യുവാവ് പിടിയിൽ
കാമുകിയെ കാണാൻ കോളജ് ഹോസ്റ്റലില്‍ ബുർഖ ധരിച്ചെത്തിയ മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാഡക കുപ്പം പി.ഇ.എസ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിനിയും മലയാളിയുമായ പെൺകുട്ടിയെ കാണാനാണു യുവാവ് ബുർഖ ധരിച്ച് ഹോസ്റ്റലിലെത്തിയത്.
ബംഗളൂരുവിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ് യുവാവ്. കേരളത്തില്‍വച്ചു രണ്ടുവർഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടി പരിചയത്തിലായത്. ബംഗളൂരുവിൽനിന്നു ട്രെയിനില്‍ കുപ്പത്തെത്തിയ യുവാവ് വേഷം മാറി പെണ്‍കുട്ടിയുടെ ഹോസ്റ്റലിലെത്തുകയായിരുന്നു. സംശയം തോന്നിയ ഹോസ്റ്റല്‍ ജീവനക്കാർ പരിശോധിച്ചതോടെയാണ് യുവാവ് വേഷം മാറി വന്നതാണെന്നു കണ്ടെത്തിയത്.
ഹോസ്റ്റല്‍ ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
സംഭവം വാർത്തയായതോടെ നിരവധി പ്രതികരണങ്ങളാണു നെറ്റിസൺസിനിടയിൽ പ്രചരിക്കുന്നത്. ഏതെങ്കിലും സിനിമ കണ്ടിട്ട് അനുകരിച്ചതായിരിക്കാം പാവം കാമുകൻ എന്നു ചിലർ പറഞ്ഞു. ഇനി മിമിക്രിയും മോണോആക്ടും ജയിലിൽ അവതരിപ്പിക്കാമെന്ന് ചിലർ. എന്നാൽ, ഇതൊക്കെ എന്ത് ഇതിലും വലിതു കണ്ടിട്ടുള്ളവരാണു തങ്ങളെന്നു ചിലരും പ്രതികരിച്ചു.