'നിരാഹാര സമരം അവസാനിപ്പിക്കണം'; സോനം വാങ്ചുകിനോട് അഭ്യർത്ഥനയുമായി അഭിജീത് ദീപ്കെ

 

നീറ്റ് (NEET) പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലഡാക്ക് കേന്ദ്രീകരിച്ചുള്ള പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ക്രോക്കോച്ച് ജനതാ പാർട്ടി (CJP) നേതാവ് അഭിജീത് ദീപ്കെ. ജന്തർ മന്തറിലെ സമരപന്തലിൽ നിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്. അഭിജീത് ദീപ്കെയ്ക്ക് പുറമെ 50 എം.പിമാരും വാങ്ചുകിനോട് സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

ജൂൺ 28 മുതലാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് കോടതി നിർദ്ദേശപ്രകാരം വാങ്ചുകിനെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ സമരക്കാരുടെ മറ്റ് ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.