രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു; കോൺഗ്രസ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിച്ചു, ശിക്ഷയിൽനിന്ന് അവർക്ക് രക്ഷപ്പെടാനാകില്ല; നരേന്ദ്ര മോദി

 

വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ട സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ സ്ത്രീകളോട് ക്ഷമാപണം നടത്തുകയും പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ബിൽ പാസാക്കാൻ സാധിക്കാത്തതിൽ രാജ്യത്തെ എല്ലാ അമ്മമാരോടും സഹോദരിമാരോടും മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. സ്ത്രീശക്തിക്ക് ചിറകുകൾ നൽകാനുള്ള ചരിത്രപരമായ അവസരമാണ് കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് തകർത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികൾ സ്വന്തം താല്പര്യങ്ങൾക്കായി രാഷ്ട്രതാൽപ്പര്യത്തെ ബലികഴിച്ചുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. "ഭരണഘടനാ ശില്പികളുടെ വികാരങ്ങളെ അനാദരിച്ച പ്രതിപക്ഷത്തിന്റെ ഈ പാപം ജനങ്ങൾ ശിക്ഷിക്കാതെ വിടില്ല. ഒരു പരാന്നഭോജിയെപ്പോലെ പ്രാദേശിക പാർട്ടികളെ ആശ്രയിച്ചു കഴിയുന്ന കോൺഗ്രസ്, അവരുടെ ഭാവി ഇരുട്ടിലാക്കാനാണ് മണ്ഡല പുനർനിർണ്ണയത്തെ എതിർത്തത്," പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് അധികാരം ലഭിച്ചാൽ തങ്ങളുടെ കുടുംബവാഴ്ചാ രാഷ്ട്രീയത്തിന് ഭീഷണിയാകുമെന്ന് ഭയപ്പെടുന്നതുകൊണ്ടാണ് ഇത്തരം പാർട്ടികൾ ബില്ലിനെ എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും വിഭജനത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നാരീശക്തി വന്ദൻ ഭേദഗതി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ ശക്തിപ്പെടുത്താനുള്ള സത്യസന്ധമായ ശ്രമമായിരുന്നു. എന്നാൽ ചരിത്രത്തിൽ ഒരിടം കണ്ടെത്താനുള്ള അവസരം കോൺഗ്രസ് നഷ്ടപ്പെടുത്തിയെന്നും ജനങ്ങൾ ഇതിന് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബിൽ പരാജയപ്പെട്ടെങ്കിലും സ്ത്രീ സംവരണത്തിനായുള്ള സർക്കാരിന്റെ പോരാട്ടം തുടരുമെന്ന സൂചനയും പ്രധാനമന്ത്രി നൽകി.