മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടിയാൽ 1000 രൂപ ഭിക്ഷ തരേണ്ടി വരില്ല; ഖുശ്ബുവിന്റെ പരാമർശം വിവാദമായി 
 

 

തമിഴ്‌നാട് സർക്കാരിന്റെ വനിതാ കേന്ദ്രീകൃത പദ്ധതിയെ ഭിക്ഷയെന്ന് വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബു. കുടുംബനാഥകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയെയാണ് ഖുശ്ബു ഭിക്ഷയെന്ന് വിളിച്ചത്. ഖുശ്ബുവിന്റെ പരാമർശം ഇതിനോടകം വിവാദത്തിലാവുകയായിരുന്നു. 

ഡിഎംകെ സർക്കാർ മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കുകയും സർക്കാരിന്റെ നേതൃത്വത്തിലുള്ള മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടുകയും ചെയ്താൽ ആളുകൾക്ക് 1000 രൂപ ഭിക്ഷ തേടേണ്ടി വരില്ലെന്നായിരുന്നു ഖുശ്ബു നടത്തിയ പരാമർശം.

ഖുശ്ബുവിന്റെ പരാമർശത്തിനിനെതിരെ ഡിഎംകെയുടെ വനിതാ വിഭാ​ഗം പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.  അതിനിടെ, വിമർശനങ്ങളോട് പ്രതികരിച്ച് ഖുശ്ബുവും രം​ഗത്തെത്തിയിട്ടുണ്ട്. വാർത്തകളിൽ ഇടംപിടിയ്ക്കാനായി ഡിഎംകെയ്ക്ക് താൻ ആവശ്യമാണെന്നും മയക്കുമരുന്ന് ഭീഷണി നിയന്ത്രിക്കാൻ മാത്രമാണ് താൻ പറഞ്ഞതെന്നും സാമൂഹ്യമാധ്യമമായ എക്സിൽ ഖുശ്ബു കുറിച്ചു. മദ്യപിച്ചവരുമായി ജീവിക്കുന്നവർ അനുഭവിക്കുന്ന വേദന നിങ്ങളുടെ പണത്തേക്കാൾ വളരെ കൂടുതലാണ്. അവരെ സ്വതന്ത്രരാക്കുക, അവർക്ക് നിങ്ങളുടെ 1,000 രൂപ ആവശ്യമില്ലെന്നും ഖുശ്ബു പറഞ്ഞു.