പരീക്ഷയിൽ ചാറ്റ്ജിപിടി ഉപയോഗിച്ച് കോപ്പിയടിച്ചതിന് പിന്നാലെ ഐഐടി ബോംബെ വിദ്യാർഥി ജീവനൊടുക്കി
പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി (ChatGPT) ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചത് അധ്യാപകൻ പിടികൂടിയതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി ജീവനൊടുക്കി. ബിഹാർ സ്വദേശിയും എം.എസ്.സി. ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിംഗ് വിദ്യാർഥിയുമായ സഹിൽ വകോദയെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ വഴി ചോദ്യപേപ്പർ അപ്ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകൻ പിടികൂടിയത്. സംഭവത്തിന് പിന്നാലെ അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാർഥിയോട് സംസാരിക്കുകയും, ഭാവി പഠനത്തെ ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നതായി ഐഐടി വക്താക്കൾ അറിയിച്ചു. കൗൺസിലിങ്ങിന് ശേഷം മുറിയിലേക്ക് മടങ്ങിയ വിദ്യാർഥിയെ വൈകുന്നേരത്തോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അതേസമയം അധികൃതരുടെ വീഴ്ച ആരോപിച്ചുകൊണ്ട് വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധത്തിലാണ്.