കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര സൗജന്യമാക്കുന്ന പദ്ധതിക്ക് തുടക്കം

 

കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര സൗജന്യമാക്കുന്ന പദ്ധതിക്ക് തുടക്കം. ഇതിനുള്ള പാസുകൾ വിതരണം ചെയ്തുതുടങ്ങി. കേരളത്തിൽനിന്നു കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കും സൗജന്യയാത്ര ലഭ്യമാകുന്ന പദ്ധതിക്കാണ് തുടക്കമായത്.

താമസസ്ഥലത്തുനിന്നു കോളേജിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് സൗജന്യ പാസ് ലഭിക്കും. കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തിപദ്ധതി 2023-ൽ കർണാടകത്തിൽ നടപ്പാക്കിയതാണ്. ഇതുവഴി വിദ്യാർഥിനികൾക്ക് നിലവിൽ യാത്രസൗജന്യമാണ്. ഇത് കേരളത്തിൽനിന്ന് കർണാടകയിൽ പഠിക്കാനെത്തുന്ന മലയാളിക്കുട്ടികൾക്ക് ബാധകമല്ല.

കർണാടകയിലെ ആധാർ കാർഡുള്ളവർക്കേ സൗജന്യയാത്ര ചെയ്യാനാകൂ. പുതിയ പദ്ധതിയിൽ കർണാടകത്തിന് പുറത്തുനിന്നെത്തി പഠിക്കുന്നവരെയും ഉൾപ്പെടുത്തിയെന്നത് മലയാളിവിദ്യാർഥികൾക്ക് സൗകര്യമായി. ബെംഗളൂരുവിൽ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർഥികൾ താമസിച്ച് പഠിക്കുന്നുണ്ട്. കോളേജിൽനിന്നുള്ള രേഖകൾക്കൊപ്പം എവിടയാണ് താമസിക്കുന്നതെന്ന് തെളിയിക്കുന്ന വാടക ശീട്ടോ വൈദ്യുതി ബില്ലോ ഹാജരാക്കിയാൽ പദ്ധതിയിൽ ഉൾപ്പെടുത്തും.

സൗജന്യ ബസ് പാസിനായി വിദ്യാർഥികൾ സർക്കാർ പോർട്ടലായ സേവാസിന്ധുവിലാണ് അപേക്ഷിക്കേണ്ടത്. സർക്കാരിന്റെ ഓൺലൈൻ സേവനകേന്ദ്രങ്ങളായ കർണാടക വൺ, ഗ്രാമ വൺ സെന്ററുകളിൽ നേരിട്ടെത്തിയും അപേക്ഷ നൽകാം. ഇവിടങ്ങളിൽ 30 രൂപ സർവീസ് ചാർജ് നൽകണം.

അംഗീകരിച്ച പാസുകൾ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളിലെ കൗണ്ടറുകൾ വഴിയും കർണാടക വൺ, ഗ്രാമ വൺ കൗണ്ടറുകൾ വഴിയും കൈപ്പറ്റാം. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് 10 മാസത്തേക്കും ഐ.ടി.ഐ. വിദ്യാർഥികൾക്ക് 12 മാസത്തേക്കുമുള്ള സൗജന്യ പാസാണ് വിതരണംചെയ്യുക. ട്രാൻസ്‌പോർട്ട് വകുപ്പിന്റെ കെ.എസ്.ആർ.ടി.സി., ബി.എം.ടി.സി., എൻ.ഡബ്ല്യൂ.കെ.ആർ.ടി.സി., കെ.കെ.ആർ.ടി.സി. ബസുകളിൽ പാസ് ഉപയോഗിച്ച് യാത്രചെയ്യാം.