മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകൾ; ദി വയർ റിപ്പോർട്ട്
നവംബർ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ആകെ പോൾ ചെയ്ത വോട്ടുകൾ 64,088,195 ആയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിംഗ് ശതമാനം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്.
ഇങ്ങനെ വരുമ്പോൾ തിരഞ്ഞെടുപ്പ് ദിവസം പോൾ ചെയ്ത വോട്ടിനെക്കാൾ 504,313 അധികം വോട്ടുകൾ വോട്ടെണ്ണൽ ദിവസം എണ്ണിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദി വയറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്ട്രയിൽ ആകെയുള്ള 288 നിയമസഭാ സീറ്റുകളിൽ എട്ടുമണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കുറവായിരുന്നു എണ്ണിയ വോട്ടുകളുടെ എണ്ണം. ബാക്കിയുള്ള 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകളാണ് എണ്ണിയിരുന്നു.
പോൾ ചെയ്തതിനേക്കാൾ 4,538 വോട്ടുകൾ കൂടുതൽ എണ്ണിയ അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും പ്രകടമായ പൊരുത്തക്കേടുകൾ സംഭവിച്ചിരിക്കുന്നത്.