രാജസ്ഥാനിൽ ബിക്കാനീറിലെ നോഖ നഗരസഭ പിടിച്ചെടുത്ത് സി.പി.എം; ബരാനിൽ എ.എ.പിക്ക് കേവലഭൂരിപക്ഷം

 

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങൾ അട്ടിമറിച്ച് സി.പി.എമ്മും ആം ആദ്മി പാർട്ടിയും മുന്നേറ്റം നടത്തി. ബിക്കാനീർ ജില്ലയിലെ നോഖാ നഗർ പാലികയിൽ വൻ ഭൂരിപക്ഷത്തോടെ സി.പി.എം അധികാരം പിടിച്ചെടുത്തപ്പോൾ, ബരാൻ നഗരസഭയിൽ ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി.

ആകെ 45 വാർഡുകളുള്ള നോഖയിൽ 29 സീറ്റുകൾ നേടിയാണ് സി.പി.എം ചരിത്രവിജയം സ്വന്തമാക്കിയത്. ഇവിടെ ബി.ജെ.പി 13 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ മൂന്ന് സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. നോഖയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. സി.പി.എമ്മും പ്രാദേശിക സംഘടനയായ 'വികാസ് മഞ്ചും' ചേർന്നാണ് സംയുക്തമായി മത്സരരംഗത്തിറങ്ങിയത്.

അതേസമയം, ബരാൻ നഗരസഭയിലെ ആകെയുള്ള 60 വാർഡുകളിൽ 31 എണ്ണത്തിലും വിജയിച്ചാണ് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം തികച്ചത്. കോൺഗ്രസ് 18 വാർഡുകളിലും ബി.ജെ.പി ഒൻപത് വാർഡുകളിലും ഒതുങ്ങിയപ്പോൾ രണ്ടിടത്ത് സ്വതന്ത്രർ ജയിച്ചു. രാജസ്ഥാനിൽ തദ്ദേശ ഭരണത്തിലേക്ക് ശക്തമായി കടന്നുവരാൻ സാധിച്ചത് ഇരുപാർട്ടികൾക്കും വലിയ രാഷ്ട്രീയ അടിത്തറ നൽകും.