ഇൻഡ്യ സഖ്യം നാളെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും; എം.പിമാരോട് പാർലമെന്റിലെത്താൻ ഖാർഗെ
Updated: Oct 8, 2026, 23:16 IST
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം കടുപ്പിച്ച് ഇൻഡ്യ സഖ്യം. പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിപക്ഷ സഖ്യകക്ഷികൾ നാളെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. നാളെ വൈകിട്ട് മൂന്ന് മണിക്ക് പാർലമെന്റ് മന്ദിരത്തിൽ എത്തുവാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എം.പിമാർക്ക് നിർദേശം നൽകി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം മൂന്നാം ദിവസവും ശക്തമായി തുടരുകയാണ്. പ്രതിപക്ഷ എം.പിമാർ മൂന്ന് ബസുകളിലായി രാജ്ഘട്ടിലെത്തി പ്രതിഷേധം അറിയിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർക്കൊപ്പം വിവിധ വിദ്യാർഥി സംഘടനകളും രാജ്ഘട്ടിലെ സമരമുഖത്ത് സജീവമായിരുന്നു.