ഐറിസ് ദേനയിൽ നിന്നും അപായസൂചന ലഭിച്ചതിന് പിന്നാലെ ഇന്ത്യ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു; നാവികസേന
അമേരിക്കയുടെ അന്തർവാഹിനി ആക്രമണത്തിൽ തകർന്ന ഇറാന്റെ യുദ്ധക്കപ്പലായ ‘ഐറിസ് ദേന’യിൽ നിന്ന് അപായസൂചന ലഭിച്ചതിന് പിന്നാലെ ഇന്ത്യ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നതായി ഇന്ത്യൻ നാവികസേന അറിയിച്ചു. മാർച്ച് നാലിന് പുലർച്ചെ കൊളംബോയിലെ മാരിടൈം റെസ്ക്യു കോർഡിനേഷൻ സെന്ററിലാണ് കപ്പലിൽ നിന്നുള്ള സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ ശ്രീലങ്കയുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിലിനെ സഹായിക്കാൻ ഇന്ത്യ ദീർഘദൂര മാരിടൈം പട്രോളിങ് വിമാനം വിന്യസിച്ചു.
രക്ഷാപ്രവർത്തനത്തിനായി എയർ ഡ്രോപ്പബിൾ ലൈഫ് റാഫ്റ്റുകൾ ഘടിപ്പിച്ച രണ്ടാമതൊരു വിമാനവും സജ്ജമാക്കി നിർത്തിയിരുന്നു. കൂടാതെ, പരിശീലന കപ്പലായ ഐഎൻഎസ് തരംഗിണി അറിയിപ്പ് ലഭിച്ച ഉടൻ തന്നെ അപകടം നടന്ന മേഖലയിലേക്ക് എത്തിച്ചേർന്നു. കൂടുതൽ സഹായങ്ങൾക്കായി കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇക്ഷക് എന്ന സർവേ കപ്പലും പുറപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കൻ അധികൃതരുമായി ചേർന്ന് കാണാതായ ജീവനക്കാർക്കായി ഇന്ത്യൻ നാവികസേന സംയുക്തമായി തിരച്ചിൽ തുടരുകയാണ്. മാർച്ച് നാലിന് പുലർച്ചെ ശ്രീലങ്കൻ തീരത്തിന് സമീപത്തുവെച്ചാണ് യുഎസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിൽ ഇറാൻ യുദ്ധക്കപ്പൽ തകർന്നത്.