ഇലക്ട്രിക് വാഹന വിൽപ്പനയിൽ പിന്നിലായി ഇന്ത്യ

 

ആഗോളതലത്തിൽ രാജ്യങ്ങൾ വൈദ്യുത കാറുകളുടെ വിൽപ്പനയിൽ മുന്നേറുമ്പോഴും ഈ രംഗത്ത് മുട്ടിലിഴഞ്ഞ് ഇന്ത്യ. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ.)യുടെ കണക്കുകൾ പ്രകാരം, 2025-ൽ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ 25 ശതമാനവും ഇ.വി. (ഇലക്ട്രിക് കാർ) ആണ്. ബാറ്ററിയിൽ ഓടുന്നവയും പ്ലഗ്-ഇൻ ഹൈബ്രിഡുകളും ഉൾപ്പെടെ കഴിഞ്ഞവർഷം ലോകമെമ്പാടുമായി രണ്ടുകോടി വൈദ്യുത കാറുകളാണ് വിറ്റഴിഞ്ഞത്.

ഈ വിൽപ്പനക്കണക്കുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ വെറും നാല് ശതമാനം മാത്രമാണ് ഇ.വി.കൾ. കഴിഞ്ഞവർഷം ഇന്ത്യയിൽ ആകെ വിറ്റഴിഞ്ഞ 1.65 ലക്ഷം വൈദ്യുത കാറുകളിൽ 60 ശതമാനവും ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ രണ്ട് വൻകിട കമ്പനികളുടേതായിരുന്നു.

ഐ.ഇ.എ. കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയന് പുറമേ, 23 രാജ്യങ്ങളിൽ വൈദ്യുത കാർ വിൽപ്പന 2025-ൽ 10 ശതമാനത്തിന് മുകളിലെത്തി. 2020-ലെ കണക്കെടുത്താൽ വിയറ്റ്‌നാമിലും ഇൻഡൊനീഷ്യയിലും വൈദ്യുത കാറുകൾ വിറ്റുപോയിരുന്നില്ല. എന്നാൽ, ഏതാണ്ട് പൂജ്യം ശതമാനത്തിൽനിന്ന് 2025-ഓടെ വിയറ്റ്‌നാം 41 ശതമാനത്തിലേക്കും ഇൻഡൊനീഷ്യ 15 ശതമാനത്തിലേക്കും വിൽപ്പനയിൽ മുന്നേറി. തായ്‌ലാൻഡ് (23 ശതമാനം), ദക്ഷിണ കൊറിയ (11 ശതമാനം), എന്നിവയാണ് ഈ രംഗത്ത് മുന്നേറിയ മറ്റ് രാജ്യങ്ങൾ.

ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലും (ഒൻപത് ശതമാനം) മെക്‌സിക്കോയും (ഏഴ് ശതമാനം) ഇക്കാര്യത്തിൽ ഇന്ത്യയെക്കാൾ മുന്നിലാണ്. തുർക്കി തങ്ങളുടെ വിഹിതം 2022-ലെ ഒരു ശതമാനത്തിൽനിന്ന് 2025-ൽ 20 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ വൈദ്യുത കാർ വിൽപ്പന 2020-ലെ 10 ശതമാനത്തിൽ നിന്ന് 2025-ൽ 68 ശതമാനമായാണ് കുതിച്ചുയർന്നത്.