ഡൽഹിയെ ഇളക്കിമറിച്ച് 'ഇന്ത്യ'; 'ചലോ ദില്ലി'ക്ക് തുടക്കം

 

പ്രധാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' (INDIA) സഖ്യം സംഘടിപ്പിക്കുന്ന 'ചലോ ദില്ലി' പ്രതിഷേധ മാർച്ചിന് രാജ്യതലസ്ഥാനത്ത് ആവേശകരമായ തുടക്കം. ദേശീയപതാകയേന്തി ലക്ഷക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങിയപ്പോൾ, പ്രത്യേക വാഹത്തിൽ നിന്നുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി റാലിയെ അഭിസംബോധന ചെയ്തു. വമ്പൻ പ്രതിഷേധ പ്രവാഹത്തെത്തുടർന്ന് ബി.ജെ.പി ദേശീയ ആസ്ഥാനമടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഡൽഹി പോലീസ് സുരക്ഷ അതീവ ശക്തമാക്കിയിട്ടുണ്ട്.

രാവിലെ മുതൽ തന്നെ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖ നേതാക്കൾ ഒത്തുകൂടി. സുർജിത് ഭവനിൽ നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി. രാജീവ് എന്നിവരും, കോൺഗ്രസ് ആസ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖരും അണിനിരന്നു. അഖിലേഷ് യാദവ്, ഫറൂഖ് അബ്ദുള്ള, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, ജോസ് കെ. മാണി, എന്.കെ. പ്രേമചന്ദ്രൻ തുടങ്ങിയ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഒന്നിച്ച് അണിനിരന്നത് പ്രതിപക്ഷ ഐക്യം വിളിചോതുന്നതായി.

കോൺഗ്രസ് ആസ്ഥാനത്തുനിന്ന് മിന്റോ റോഡ് വഴി രാംലീല മൈതാനത്തേക്ക് നീങ്ങിയ റാലിയിലേക്ക് പ്രവർത്തകരുടെ വൻ പ്രവാഹമാണ് അനുഭവപ്പെടുന്നത്. രാംലീല മൈതാനത്തിന്റെ രണ്ടാം നമ്പർ ഗേറ്റിന് മുന്നിൽ പോലീസ് ഏർപ്പെടുത്തിയ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് പോലീസും പ്രക്ഷോഭകരും തമ്മിൽ ഉന്തും തള്ളിനും വഴിവെച്ചു. നിലവിൽ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി രണ്ടാം നമ്പർ ഗേറ്റ് അടച്ച് പ്രവേശനം മൂന്നാം നമ്പർ ഗേറ്റിലൂടെ മാത്രമായി പോലീസ് പരിമിതപ്പെടുത്തിയിരിക്കുകയാണ്.